കൊച്ചി: അതിഥിത്തൊഴിലാളിയുടെ ആറ് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആസാം സ്വദേശിയായ പ്രതിയെ പിടികൂടി. എന്നാൽ പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫാക്ക് ആലത്തെ പിടികൂടിയത്. ഇയാൾ മദ്യലഹരിയിലാണ്. അതുകൊണ്ടു തന്നെ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചിട്ടില്ല.
ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെയാണ് തട്ടിക്കൊണ്ടു പോയത്.
ഇതേ കെട്ടിടത്തിൽ രണ്ട് ദിവസം മുമ്പ് താമസക്കാരനായെത്തിയ ആളാണ് അസഫ്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം.