തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാന്‍സിസ് അല്‍ഫോണ്‍സിന്റെ (65) മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. കരയില്‍ നിന്നും വളരെ അകലെയല്ലാതെ ശക്തമായ തിരയടിയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മറ്റ് നാല് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.
മത്സ്യ തൊഴിലാളികളും തീരദേശ പൊലീസും കോസ്റ്റു ഗാര്‍ഡും തെരച്ചില്‍ നടത്തിയെങ്കിലും ഫ്രാന്‍സിസിനെ കണ്ടെത്തിയിരുന്നില്ല. ഇന്ന് വെളുപ്പിനാണ് സൗത്ത് തുമ്പ ഭാഗത്ത് കടലില്‍ മൃതദേഹം കണ്ടെത്തിയത്. കരയിലെത്തിച്ച മൃതദേഹം മെഡി. കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം, തിരുവനന്തപുരം മുതലപ്പൊഴിയില്‍ ഇന്ന് വീണ്ടും അപകടമുണ്ടായി. മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശികളായ ബാബു, ക്രിസ്റ്റിദാസ് എന്നിവരെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 7:20 ഓടെയാണ് അപകടമുണ്ടായത്. കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് മത്സ്യതൊഴിലാളികളുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തി. ജാഗ്രത മുന്നറിയിപ്പുകള്‍ ഉള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയിലൂടെയുള്ള കടലില്‍ പോക്ക് പൂര്‍ണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കടലില്‍ പോകരുതെന്ന മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ അവഗണിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളി സംഘടനകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്.