ദുബായ്: വഴിയരികില്‍ നിന്ന് ഡെലിവറി ബോക്സിലെ ഭക്ഷണം കഴിക്കുന്ന ഡെലിവറി റൈഡറുടെ വൈറലായ വീഡിയോയില്‍ വിശദീകരണം നല്‍കി തലാബത്ത്. സംഭവം നടന്നത് യുഎഇയില്‍ അല്ലെന്നും ബഹ്റൈനില്‍ നിന്നുളളതാണ് വീഡിയോ ക്ലിപ്പെന്നും കമ്പനി അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഡെലിവറി ജീവനക്കാരന്‍റെ പെരുമാറ്റം ശ്രദ്ധയില്‍പെട്ടുവെന്നും തങ്ങളുടെ ആരോഗ്യസുരക്ഷാ നയങ്ങള്‍ക്ക് ഇത് വിരുദ്ധമാണെന്നും കമ്പനിയുടെ ബഹ്റൈന്‍ വക്താവ് വിശദീകരിക്കുന്നു. റദ്ദാക്കിയ ഭക്ഷണ ഓർഡറാണ് റൈഡർ കഴിച്ചതെന്നാണ് മനസിലാക്കുന്നതെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും റൈഡറെ ജോലിയില്‍ നിന്ന് മാറ്റി നിർത്തിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
ഡെലിവറി റൈഡർ റോഡരികില്‍ ബൈക്ക് പാർക്ക് ചെയ്ത് ഡെലിവറി ബോക്സ് തുറന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതേ തുടർന്ന് നിരവധി പേർ എവിടെയാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്നും നടപടിയെടുക്കണമെന്നും കമ്പനിയോട് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കമ്പനി വിശദീകരണം നല്‍കിയത്.