കൊച്ചി: ആലുവയില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്‌കാര കര്‍മ്മം നടത്താന്‍ പൂജാരികള്‍ വിസമ്മതിച്ചതോടെ സ്ഥലത്തെ ഓട്ടോ ഡ്രൈവര്‍ കാര്‍മ്മികനായി.
അനാഥരായവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ നേരത്തെ പോയിട്ടുണ്ടായിരുന്നുവെന്നും ആ പരിചയം വച്ചാണ് ആലുവയിലെ കുട്ടിയുടെ സംസ്‌കാര കര്‍മ്മങ്ങള്‍ ചെയ്തതെന്നും ഓട്ടോ ഡ്രൈവര്‍ രേവത് ബാബു പറഞ്ഞു. പല പൂജാരികളെ സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. ഹിന്ദിക്കാര്‍ക്ക് പൂജ ചെയ്യാന്‍ തയാറല്ലെന്നാണ് അവര്‍ പറഞ്ഞതെന്നും രേവത് ബാബു വ്യക്തമാക്കി.
അതിനിടെ കുട്ടിയുടെ പൊതുദര്‍ശനത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതില്‍ പ്രതിഷേധം വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാരിന് ഔചിത്യം ഇല്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ബ്ലോക്ക് തലത്തിലും ആലുവ പൊലീസ് സ്റ്റേഷനിലേക്കും നാളെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഷിയാസ് പറഞ്ഞു. സര്‍ക്കാര്‍ കേരളത്തില്‍ മദ്യം ഒഴുകുകയാണെന്നും ലഹരിയില്‍ നിന്നും മോചനം ഇല്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.