'സിപിഎമ്മിന്റെ വകുപ്പുകള്‍ക്ക് പണം നല്‍കാന്‍ തടസമില്ല'; കുടിശിക തീര്‍ക്കാന്‍ നട്ടംതിരിഞ്ഞ് സപ്ലൈകോ: ഇടത് മുന്നണിക്ക് പരാതി നല്‍കി സിപിഐ

'സിപിഎമ്മിന്റെ വകുപ്പുകള്‍ക്ക് പണം നല്‍കാന്‍ തടസമില്ല'; കുടിശിക തീര്‍ക്കാന്‍ നട്ടംതിരിഞ്ഞ് സപ്ലൈകോ: ഇടത് മുന്നണിക്ക് പരാതി നല്‍കി സിപിഐ

തിരുവനന്തപുരം: ഓണം അടുത്തിട്ടും സപ്ലൈകോയുടെ കുടിശിക തീര്‍ക്കാന്‍ ധനവകുപ്പ് പണം നല്‍കാത്തതില്‍ ഭക്ഷ്യവകുപ്പ് ഇടയുന്നു. ഇങ്ങനെ പോയാല്‍ ഓണക്കാലത്ത് പിടിച്ച് നില്‍ക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഇടത് മുന്നണിക്ക് പരാതി നല്‍കി. സിപിഎമ്മിന്റെ വകുപ്പുകള്‍ക്ക് പണത്തിന് തടസമില്ലെന്നും ഭക്ഷ്യവകുപ്പ് സിപിഐയുടേതായതിനാല്‍ അവഗണിക്കുന്നുവെന്നുമാണ് ആക്ഷേപം.

ഭക്ഷ്യവകുപ്പിന് പണം അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിതലയോഗത്തിലെ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. പലവട്ടം പരാതിപ്പെട്ടിട്ടും ധനവകുപ്പ് അനുകൂല നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഭക്ഷ്യമന്ത്രി ഇടതുമുന്നണിയുടെ ഇടപെടല്‍ തേടിയത്.

ഈ സീസണിലെ നെല്ലുസംഭരണത്തിനുള്ള തുക ഉള്‍പ്പെടെ 4416 കോടി രൂപയാണ് സപ്ലൈകോയ്ക്കുള്ള സര്‍ക്കാര്‍ കുടിശിക. പണം നല്‍കാത്തതിനാല്‍ വിതരണക്കാര്‍ ഇത്തവണ ഇ-ടെന്‍ഡറില്‍ സഹകരിച്ചില്ല. ഇതോടെ സപ്ലൈകോയില്‍ ഭക്ഷ്യവസ്തുക്കളുടെ ശേഖരവും കുറഞ്ഞു.

പ്രതിസന്ധി രൂക്ഷമായതോടെ തുക ആവശ്യപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നാലുതവണ ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ കണ്ടു. ഇതേ തുടര്‍ന്ന് 250 കോടി മാത്രം ധനവകുപ്പ് അനുവദിച്ചു. നെല്ലുസംഭരണത്തിനായുള്ള ചെലവിലേക്കുള്ളതാണ് ഇതിലെ 180 കോടി രൂപ. വിപണി ഇടപെടലിന് 70 കോടിയും.

ഓണക്കാലത്തേക്കുമാത്രം സപ്ലൈകോയ്ക്ക് 600-700 കോടി രൂപ ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍. മുന്‍കാലങ്ങളില്‍ സാധനങ്ങള്‍ വാങ്ങിയ വകയില്‍ 700 കോടി രൂപ കച്ചവടക്കാര്‍ക്ക് നല്‍കാനുണ്ട്. ഇത്രയും ആവശ്യങ്ങള്‍ മുന്‍നില്‍ക്കേയാണ് ഇത്രയും കുറവ് പണംകൊണ്ട് വിപണി ഇടപെടലിന് പര്യാപ്തമല്ലെന്നുമാണ് ഭക്ഷ്യവകുപ്പിന്റെ വാദം.

നെല്‍ക്കര്‍ഷകരുടെ കടംവീട്ടാന്‍ 800 കോടി രൂപ അനുവദിക്കാനായിരുന്നു മുഖ്യമന്ത്രി വിളിച്ച മന്ത്രിതലയോഗത്തിലെ തീരുമാനം. ഇതിനെക്കുറിച്ച് ധനവകുപ്പിന് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ പരാതി. ഭക്ഷ്യവകുപ്പിന്റെ പ്രതിസന്ധി പരിഹരിക്കാനായി 1500 കോടി രൂപ അനുവദിക്കാന്‍ മുന്‍ ധനവകുപ്പ് മേധാവി തയ്യാറാക്കിയ ഫയല്‍ വെളിച്ചംകണ്ടില്ലെന്നും ഭക്ഷ്യവകുപ്പ് ആരോപിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.