ദുബായ്: ആഗസ്റ്റ് മാസത്തേക്കുളള ഇന്ധനവില യുഎഇയില്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. ആഗോള വിപണിയില്‍ ഇന്ധനവിലയില്‍ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. പ്രതിദിനം 1.6 ദശലക്ഷം ബാരല്‍ വെട്ടിക്കുറയ്ക്കുമെന്ന് എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആഗോളവിപണിയില്‍ എണ്ണ വില ഉയരുന്നത്.
യുഎസ് സമ്പദ് വ്യവസ്ഥയിലെ മാറ്റവും ഇന്ധന വിലയില്‍ പ്രതിഫലിച്ചു. യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയിലെ ശുഭ സൂചനകള്‍ മാന്ദ്യമുണ്ടാകില്ലെന്നുളള വിലയിരുത്തലിലേക്ക് വിപണിയെ എത്തിച്ചു. ഇതും ഇന്ധന വിലയില്‍ പ്രകടമായി. ക്രൂഡ് വില ബാരലിന് 80 ഡോളറിന് മുകളിലെത്തി. ഡബ്ലുടിഐ ബാരലിന് 80.58 ഡോളറും ബ്രെന്‍റ് ക്രൂഡിന് 84.99 ഡോളറുമാണ് വില.
2015 മുതലാണ് ആഗോളവിപണിയിലെ വില വ്യത്യാസത്തിന് അനുസരിച്ച് ഇന്ധനവില പ്രഖ്യാപിക്കുന്ന രീതി യുഎഇയില്‍ നിലവില്‍ വന്നത്. എല്ലാ മാസവും അവസാന ദിവസമാണ് അടുത്തമാസത്തേക്കുളള ഇന്ധനവില പ്രഖ്യാപിക്കുന്നത്. രാജ്യത്ത് ജൂലൈയില്‍ പെട്രോള്‍ വില ലിറ്ററിന് അഞ്ച് ഫില്‍സ് കൂട്ടിയിരുന്നു. സൂപ്പർ 98 ലിറ്ററിന് 3 ദിർഹവും സ്പെഷല്‍ 95 ന് 2.89 ദിർഹവും ഇ പ്ലസ് 91 ന് 2.81 ദിർഹവുമായിരുന്നു ജൂലൈയിലെ വില.