തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. 52 ദിവത്തെ വറുതിക്കാലത്തിന് ശേഷം മത്സ്യ തൊഴിലാളികൾ ഇന്ന് കടലിൽ വല വീശും. ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങൾ.
മൺസൂൺകാലത്തെ മത്സ്യങ്ങളുടെ പ്രജനനത്തിനും മത്സ്യക്കുഞ്ഞുങ്ങളുടെ സ്വതന്ത്രമായ വളർച്ചക്കും കടൽമത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും 1987ലാണ് കേരളസർക്കാർ ഡോ. വി. ബാലകൃഷ്ണൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രോളിങ് നിരോധനം നടപ്പിലാക്കിത്തുടങ്ങിയത്.
അതേസമയം മഴ കുറഞ്ഞത് മത്സ്യലഭ്യത കുറയ്ക്കുമെന്ന ആശങ്ക മത്സ്യത്തൊഴിലാളികൾക്ക് ഉണ്ട്. ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയെങ്കിലും 4500 രൂപയുടെ സാമ്പാദ്യ ആശ്വാസ പദ്ധതി കിട്ടാത്തതിൽ മത്സ്യത്തൊഴിലാളികൾ പരാതി ഉയർത്തിയിട്ടുണ്ട്.
ജൂൺ ഒമ്പതിന് അർദ്ധരാത്രി മുതലാണ് ട്രോളിങ് നിരോധനം നിലവിൽ വന്നത്. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ കാര്യമായ പ്രശ്നങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തില്ലെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു.