തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉപജാപക സംഘമാണെന്ന ഐജി ലക്ഷ്മണന്റെ ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണഘടന അതീതമായ ശക്തികള്‍ പ്രവര്‍ത്തിച്ച് സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഇടപെടുന്നെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് ഈ ഉപജാപകസംഘത്തിന് നേതൃത്വം നല്‍കിയത്. അദ്ദേഹം ജയിലിലായപ്പോള്‍ മറ്റൊരാള്‍ നേതൃത്വം ഏറ്റെടുത്തെന്ന് മാത്രം. ഈ ഉപജാപ സംഘത്തിന്റെ കൈയിലാണ് ആഭ്യന്തര വകുപ്പ്.
രാഷ്ട്രീയ താല്‍പര്യമുള്ള കേസുകളില്‍ അനിയന്ത്രിതമായാണ് ഈ സംഘം ഇടപെടുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ കേസുകളെടുപ്പിക്കുന്നതും സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഇടപെടലുകളുമാണ് സംഘം നടത്തിവരുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.