താനൂര്‍ ബോട്ടപകടത്തില്‍ 13,186 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചു; സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 12 പ്രതികള്‍

താനൂര്‍ ബോട്ടപകടത്തില്‍ 13,186 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചു; സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 12 പ്രതികള്‍

മലപ്പുറം: ഇരുപത്തിരണ്ട് പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ട് അപകട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. താനൂര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ തിങ്കളാഴ്ച കുറ്റപത്രം നല്‍കിയത്. 13,186 പേജുകളുള്ള കുറ്റപത്രത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 12 പ്രതികളുണ്ട്.

അപകടം നടന്ന് 85 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോട്ടിന്റെ ഉടമസ്ഥനായ നാസര്‍, ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ പ്രസാദ് എന്നിവരടക്കം 12 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരായ പ്രതികള്‍ക്കെതിരെ സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

865 ഡോക്യുമെന്റുകളും തൊണ്ടിമുതലുകളും 386 സാക്ഷിമൊഴികളുമടക്കം 13,186 പേജുകളുള്ളതാണ് കുറ്റപത്രം. ബോട്ടുടമസ്ഥന്‍ നാസര്‍ അടക്കമുള്ളവര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മേയ് ഏഴിനായിരുന്നു താനൂരില്‍ ബോട്ട് അപകടം നടന്നത്. സ്രാങ്കും ലാസ്‌കറുമടക്കം 24 പേര്‍ കയറാവുന്ന ബോട്ടില്‍ 52 പേര്‍ കയറിയതാണ് അപകട കാരണം. ബോട്ടുടമ നാസര്‍ ആണ് കേസിലെ ഒന്നാം പ്രതി. താനൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.