തിരുവവവന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാന്‍ ഒരുങ്ങി പൊലീസ്. ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് നടപടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറാണ് നിര്‍ദേശം നല്‍കിയത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് സര്‍ക്കാരിനോ പൊലീസിനോ ഇല്ല. കണക്കെടുപ്പിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാനായില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പൊലീസ് നടപടി.
ഇന്നലെ ചേര്‍ന്ന എസ്പിമാരുടെ യോഗത്തിലാണ് എഡിജിപി എം.ആര്‍ അജിത് കുമാര്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഓരോ സ്റ്റേഷന്‍ പരിധിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കണം. ജില്ലാ പൊലീസ് മേധാവികള്‍ ഇത് ശേഖരിക്കണമെന്നുമാണ് നിര്‍ദേശം. അടുത്തയാഴ്ച മുതല്‍ കണക്കെടുപ്പ് ആരംഭിക്കുമെന്നാണ് വിവരം.
നേരത്തെ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലം കൊടും കുറ്റവാളിയാണെന്ന് കണ്ടെത്തിയിരുന്നു. അസ്ഫാക് നേരത്തെയും പീഡനക്കേസില്‍ പ്രതിയാണ്. 2018 ല്‍ ഇയാളെ ഗാസിപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇയാള്‍ ജയിലിലായിരുന്നു.