കൊല്ലം: കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനാദാസ് വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. വന്ദനയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂര്‍വം ആക്രമണം നടത്തുകയായിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് എത്തിച്ച കുടവട്ടൂര്‍ മാരൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ സന്ദീപ് (42) അക്രമാസക്തനായി കത്രിക ഉപയോഗിച്ച് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് തവണയാണ് വന്ദനയ്ക്ക് കുത്തേറ്റത്.
പ്രതിയായ സന്ദീപിന് കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും നിര്‍ണായകമായ കേസില്‍ ദൃക്‌സാക്ഷി മൊഴിയുമുണ്ട്. പ്രതിയുടെ കസ്റ്റഡി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സന്ദീപിന്റെ വസ്ത്രത്തില്‍ നിന്ന് വന്ദനാ ദാസിന്റെ രക്തക്കറ കണ്ടെത്തിയിരുന്നു. ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവ്.
കൊല്ലം ജില്ലാ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1050 പേജുകളും 136 സാക്ഷി മൊഴികള്‍ ഉള്‍പ്പെടുന്നതാണ് കുറ്റപത്രം. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകള്‍ സഹിതമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സന്ദീപിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ കോടതി തള്ളിയിരുന്നു.
ഇക്കഴിഞ്ഞ മെയ് 10ന് പുലര്‍ച്ചെ 4.35നായിരുന്നു സംഭവം. കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയില്‍ വീട്ടില്‍ കെ.ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും മകളാണ് കൊല്ലപ്പെട്ട ഡോ. വന്ദനാദാസ്.