തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഹൈക്കോടതിയിൽ നൽകിയ ഹർജി തന്റെ അറിവോടെയല്ലെന്ന് ഐജി ജി.ലക്ഷ്മൺ. ചികിത്സയിലായിരിക്കെ അഭിഭാഷകൻ നോബിൾ മാത്യു തയാറാക്കിയതാണെന്നും വിശദീകരിച്ച് ഐജി ലക്ഷ്മൺ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
ആയുർവേദ ചികിത്സയിലായിരുന്നതിനാൽ ഹർജിയിലെ വിവരങ്ങൾ വായിച്ചു നോക്കാൻ കഴിഞ്ഞില്ല. ഹർജി താൻ കണ്ടിട്ടുമില്ല. മാധ്യമങ്ങളിലൂടെയാണ് വിവാദ ഉള്ളടക്കം അറിഞ്ഞത്. അപ്പോൾ തന്നെ ഹർജി പിൻവലിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശങ്ങൾ ഒഴിവാക്കാനും നിർദ്ദേശിച്ചെന്നും ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് നൽകിയ വിശദീകരണ കത്തിൽ ലക്ഷ്മൺ അറിയിച്ചു.
എന്നാൽ ഹർജി പിൻവലിക്കണമെന്ന് ഐജി ലക്ഷ്മൺ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ എന്ന നിലയിൽ കക്ഷിയുടെ താത്പര്യം സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അഡ്വ. നോബിൾ മാത്യു പറഞ്ഞു. അദേഹം വേറെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ അതിൽ വ്യക്തത വരുമെന്നും നോബിൾ മാത്യു പറഞ്ഞു.
ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിന് സർക്കാർ നടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് വിശദീകരണവുമായി ഐജി ലക്ഷ്മൺ രംഗത്ത് എത്തിയത്. ചീഫ് സെക്രട്ടറിക്ക് ലക്ഷ്മൺ എഴുതിയ കത്തും ഹർജി പിൻവലിക്കാൻ അഭിഭാഷനോട് ആവശ്യപ്പെടുന്ന കത്തും ലക്ഷ്‌മൺ തന്നെ പുറത്ത് വിട്ടു.
ചില സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു ഭരണഘടനാതീത അതോറിറ്റി ഉണ്ടെന്നും ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് വിടുന്ന തർക്കങ്ങൾ പോലും ഈ അതോറിറ്റിയാണ് പരിഹരിക്കുന്നതെന്നും അഡ്വ. നോബിൾ മാത്യു മുഖേന നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു.
ഇതേ തുടർന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ ഹർജിയിൽ സർക്കാരിന്റെ നിലപാട് തേടി. ഹർജി ഫയലിൽ സ്വീകരിച്ചതുമില്ല. ഹർജി ഈ മാസം 17 ന് വീണ്ടും പരിഗണിക്കും. ലക്ഷ്‌മണിനെതിരെ വകുപ്പുതല നടപടികളിലേക്ക് കടക്കാനിരിക്കെയായിരുന്നു മലക്കം മറിഞ്ഞുള്ള വിശദീകരണ കുറിപ്പ് പുറത്ത് വന്നത്.
തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ലക്ഷ്മൺ അറിയിച്ചിരുന്നു. ലക്ഷ്മണിന് വീണ്ടും നോട്ടീസ് നൽകും. 15 മാസത്തെ സസ്പെൻഷനു ശേഷം തിരിച്ചെടുത്ത ലക്ഷ്മൺ ഇപ്പോൾ പരിശീലന വിഭാഗം ഐജിയാണ്.