ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന് ജാമ്യം

ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന് ജാമ്യം

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. രണ്ട് മാസത്തേക്കാണ് ജാമ്യം. അന്വേഷണത്തിൽ ഇടപെടരുതെന്ന് കോടതി നിർദേശിച്ചു. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളി. ഇക്കഴിഞ്ഞ ഫെബ്രുവരി 15 നാണ് ലൈഫ് കോഴ കേസിൽ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.

ശിവശങ്കർ ചികിത്സ തേടിയ എറണാകുളം ആശുപത്രിയും വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ടെന്നു രേഖകൾ പരിശോധിച്ചു കോടതി വ്യക്തമാക്കി. ചികിത്സ തിരുവനന്തപുരത്തോ കോട്ടയത്തോ നടത്തേണ്ടതാണെന്നും ശിവശങ്കർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് കോടതിയുടെ അനുകൂല തീരുമാനം. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും ചികിത്സ ആവശ്യത്തിനു മാത്രമാണ് ഇളവെന്നും കോടതി വ്യക്തമാക്കി.

യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നൽകിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽനിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.