കോട്ടയം: ഹിന്ദുവിരുദ്ധ പരാമര്‍ശത്തില്‍ ഷംസീര്‍ മാപ്പുപറയണം എന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഷംസീറിന്റെ പരാമര്‍ശങ്ങള്‍ ഹൈന്ദവ വിരോധം കാരണമാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ ഹൈന്ദവ ജനതയുടെ ചങ്കിലാണ് തറച്ചതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ചങ്ങനാശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കര്‍ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയാണ്.
എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കള്‍. ഹൈന്ദവരെ ആക്ഷേപിച്ചാല്‍ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിര്‍പ്പ് നേരിടേണ്ടി വരും. വിഷയത്തില്‍ മറ്റ് ഹിന്ദു സംഘടനകള്‍ക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കും. ശബരിമല പ്രക്ഷോഭത്തിന് സാമാനമായി സമരം സംഘടിപ്പിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അറിയിച്ചു.
ഇന്ന് വിശ്വാസ സംരക്ഷണമായി ആചരിക്കുന്നത് ഒരു സൂചനമാത്രമാണെന്നും മാപ്പ് പറയാന്‍ ഷംസീര്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് തെറ്റുപറ്റി എന്ന് ഷംസീര്‍ മാപ്പ് പറയണം. ശാസ്ത്രമാണ് പറഞ്ഞതെങ്കില്‍ അത് ഗണപതിക്ക് മാത്രം പോരാ, മറ്റു മതങ്ങളുടെ കാര്യത്തിലും വേണം. എന്‍എസ്എസ് ബിജെപിക്ക് എതിരല്ല. ബിജെപി ഈ വിഷയത്തില്‍ നല്ല സമീപനം എടുത്തു. വിഷയത്തില്‍ ആര്‍എസ്എസ്, ബിജെപി തുടങ്ങിയ സംഘടനകള്‍ക്കൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
വിഷയത്തില്‍ എന്‍എസ്എസിനെതിരെ പ്രതികരിച്ച സിപിഎം കേന്ദ്ര കമ്മിറ്റിഅംഗം എ.കെ ബാലന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നാമജപ ഘോഷയാത്ര വിശ്വാസികളുടെ ആവേശമാണ്. കോണ്‍ഗ്രസ് നേതാക്കളും ഈ വഴി വരേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.