കൊച്ചി: അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ആലുവയില്‍ അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പൊതുതാത്പര്യ ഹര്‍ജിയുമായി അഭിഭാഷകനായ വി.ടി സതീഷ് ഹൈക്കോടതിയെ സമീപിച്ചത്.
രജിസ്ട്രേഷന്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചത്. ചീഫ് ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് വി.ജി അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും കുടുംബത്തിന്റെ പുനരധിവാസം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കേസില്‍ ബിഹാര്‍ സ്വദേശിയായ പ്രതി അസ്ഫാക് ആലത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്ക് പുറമേ, പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവേറ്റിരുന്നു. ബലപ്രയോഗത്തെ തുടര്‍ന്ന് ശരീരത്തില്‍ മറ്റ് മുറിവുകളും ഉണ്ടായിട്ടുണ്ട്.
എന്നാല്‍ അതിഥി തൊഴിലാളികളുടെ മക്കളുടെ സുരക്ഷയുടെ ഭാഗമായി ആലുവ, പെരുമ്പാവൂര്‍ മേഖലകളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഡേ കെയര്‍, ക്രഷ് സംവിധാനമൊരുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പ്രഖ്യാപിച്ചു.