മലപ്പുറം: താനൂരില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എട്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ ഡിഐജി അജിതാ ബീഗമാണ് സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിലാണ് നടപടി. കസ്റ്റഡി മര്‍ദനം നടന്നതായുള്ള ഇന്റലിജിന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയത്.
താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതായി തെളിയിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരത്തില്‍ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മര്‍ദനമേറ്റതിന്റെ ക്ഷതങ്ങളുണ്ട്.