തൃശൂർ: ജില്ലയിൽ നഴ്സുമാരുടെ പണിമുടക്ക് താത്ക്കാലികമായി പിൻവലിച്ചു. ജില്ലാ കളക്ടറുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎന്‍എ) ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. നാളെ മുതല്‍ ഏഴ് ദിവസം സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് യുഎന്‍എ ഭാരവാഹികൾ അറിയിച്ചു.
നൈൽ ആശുപത്രി എംഡിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഈ മാസം പത്ത് മുതല്‍ ജില്ലയിൽ സമ്പൂര്‍ണ പണിമുടക്കെന്നും യുഎന്‍എ അറിയിച്ചു. നൈൽ ആശുപത്രിയിലെ തൊഴിൽ തർക്കത്തിൽ ഇടപെടണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് കളക്ടർ നിർദേശം നൽകി.
ഏഴ് വര്‍ഷമായി ഇവിടെ 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത് എന്നാണ് നഴ്സുമാര്‍ പറയുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനെ തുടര്‍ന്ന് ഏഴ് പേരെ പിരിച്ച് വിട്ടു.
ഇതുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ ചര്‍ച്ച നടക്കവേ നൈൽ ആശുപത്രി എംഡി നഴ്സുമാരെ തട്ടിമാറി പോവുകയായിരുന്നുവെന്നും നിലത്ത് വീണ ഗര്‍ഭിണിയായ നഴ്സിനെ ചവിട്ടിയെന്നും ആരോപിച്ചായിരുന്നു നഴ്സുമാർ സമരം ആരംഭിച്ചത്.