ഷാർജ: നിശ്ചയദാർഢ്യക്കാർക്ക് എമിറേറ്റില്‍ സൗജന്യ പാർക്കിംഗ് സബ്സ്ക്രിപ്ഷന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താമെന്ന് അധികൃതർ. നിശ്ചയദാർഢ്യക്കാർക്ക് പൊതു പാർക്കിംഗ് പ്രക്രിയ ലളിതമാക്കുകയും പൊതു ഇടങ്ങളില്‍ കൂടുതല്‍ പാർക്കിംഗ് സൗകര്യങ്ങളൊരുക്കുകയും ചെയ്യുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഔദ്യോഗികമായി ലഭിക്കുന്ന സബ്സ്ക്രിപ്ഷന്‍ കാർഡിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. ഇത് പൊതുപാർക്കിംഗുമായി വിർച്വലായി ബന്ധപ്പെടുത്തിയിരിക്കും. ഇതോടെ സബ്സ്ക്രിപ്ഷന്‍ കാർഡ് കൈവശമുളളവർക്ക് പാർക്കിംഗ് സേവനങ്ങള്‍ പരിധിയില്ലാതെ ഉപയോഗപ്പെടുത്താനാകും. മാത്രമല്ല വാഹനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡില്‍ കാർഡ് വയ്ക്കേണ്ട ആവശ്യവുമില്ല.
എമിറേറ്റ്സ് ഐഡിയും വെഹിക്കിള്‍ ഓണർഷിപ്പ് കാർഡും ഡിസ് എബിലിറ്റി കാർഡുമുണ്ടെങ്കില്‍ പാർക്കിംഗ് സബ്സ്ക്രിപ്ഷന്‍ കാർഡിന് അപേക്ഷിക്കാം. ഷാർജ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റില്‍ സ്മാർട്ട് ആന്‍റ് ഇലക്ട്രോണിക് സേവനത്തില്‍ പബ്ലിക് പാർക്കിംഗ് സേവനത്തിലാണ് പാർക്കിംഗ് സബ്സ് ക്രിപ്ഷന് ആവശ്യമായ രേഖകള്‍ സമർപ്പിച്ച് അപേക്ഷിക്കേണ്ടത്.