തിരുവനന്തപുരം: കോളജ് പ്രിന്‍സിപ്പല്‍മാരെ 43 അംഗ അന്തിമ പട്ടികയില്‍ നിന്നു തന്നെ നിയമിക്കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്. യോഗ്യതയുള്ളവരെ രണ്ടാഴ്ചക്കുള്ളില്‍ താല്‍കാലികമായി നിയമിക്കണമെന്നും ഉത്തരവിലുണ്ട്.
സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായി 43 പേരുടെ പി.എസ്.സി അംഗീകരിച്ച പട്ടികയില്‍ നിന്ന് തന്നെ നിയമനം നടത്തണമെന്നാണ് ട്രൈബ്യൂണലിന്റെ നിര്‍ദേശം.
ഈ പട്ടിക കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ചപ്പോള്‍ അതിനെ കരടു പട്ടികയായി പരിഗണിച്ചാല്‍ മതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നിര്‍ദേശിച്ചത് വിവാദമായിരുന്നു. ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി.
ജൂണ്‍ 30 ന്റെ ഇടക്കാല വിധിയില്‍ ട്രൈബ്യൂണല്‍ 43 അംഗ പട്ടികയില്‍ നിന്നു നിയമനം നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കുകയാണ് ചെയ്തത്.
43 അംഗങ്ങളുടെ പട്ടിക ജനുവരിയിലാണ് പ്രസിദ്ധീകരിച്ചത്. ഈ പട്ടികയില്‍ നിന്നു മാത്രമേ പ്രിന്‍സിപ്പല്‍മാരെ നിയമിക്കാവു എന്നു ഇക്കഴിഞ്ഞ 24 ന് ട്രൈബ്യൂണില്‍ വീണ്ടും നിര്‍ദേശിച്ചിരുന്നു.