കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസ രീതി സദ്യയില്‍ നിന്ന് ബുഫേയിലേക്ക് മാറണമെന്ന് ജി ട്വന്റി ഗ്ലോബല്‍ ഇനിഷ്യേറ്റീവ് കോഓര്‍ഡിനേറ്റര്‍ ഡോ. മുരളി തുമ്മാരുകുടി. കേരളത്തിലെ വിദ്യാഭ്യാസ രീതി സദ്യപോലെ ഓരോ വിഭവവും നിര്‍ബന്ധിച്ച് കഴിപ്പിക്കുന്ന രീതിയാണ്. ഇതുമാറി ബുഫേ പോലെ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ കഴിയുന്ന തലത്തിലേക്ക് മാറ്റണമെന്ന് മുരളി തുമ്മാരുകുടി വ്യക്തമാക്കി.
പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സ്വന്തം കഴിവുകള്‍ മനസിലാക്കാതെ വിദ്യാര്‍ഥികള്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. പണമില്ലാത്തതുകൊണ്ട് ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കരുത്. എല്ലാവിധ സഹായവും ചെയ്യാന്‍ കഴിവുള്ള സര്‍ക്കാരാണ് ഇപ്പോഴുള്ളത്. വലിയ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനുള്ള അവസരങ്ങള്‍ മാറ്റിവയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
'വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളും നൂതന പഠനസാധ്യതകളും' എന്ന വിഷയം ആസ്പദമാക്കി കൊച്ചിയില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.