തിരുവനന്തപുരം: ഡോ.വന്ദനാ ദാസ് കൊലപാതകത്തില്‍ പ്രതിയായ അധ്യാപകനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. കുടവട്ടൂര്‍ മാരൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി. സന്ദീപ് (42) നെയാണ് കെ.ഇ.ആര്‍ ചട്ട പ്രകാരം സര്‍വ്വീസില്‍ നിന്നും പുറത്താക്കിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍ക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. കുണ്ടറ നെടുമ്പന യു.പി.എസിലെ അധ്യാപകനായിരുന്നു ജി. സന്ദീപ്.
ഇക്കഴിഞ്ഞ മെയ് 10ന് പുലര്‍ച്ചെ 4.35നാണ് കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയില്‍ വീട്ടില്‍ കെ.ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും മകളായ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടത്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് എത്തിച്ച പ്രതിയായ ഇയാള്‍ അക്രമാസക്തനായി കത്രിക ഉപയോഗിച്ച് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് തവണയാണ് വന്ദനയ്ക്ക് കുത്തേറ്റത്.
പ്രതിയായ സന്ദീപിന് കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായാണ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞത്. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും നിര്‍ണായകമായ കേസില്‍ ദൃക്സാക്ഷി മൊഴിയുമുണ്ട്. കൂടാതെ, സന്ദീപിന്റെ വസ്ത്രത്തില്‍ നിന്ന് വന്ദനാ ദാസിന്റെ രക്തക്കറയും കണ്ടെത്തിയിരുന്നു. ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവ്.