കോണ്‍ഗ്രസ് മണ്ഡലം പുനസംഘടന ആരംഭിച്ചു; പത്തനംതിട്ട ജില്ലയില്‍ മണ്ഡലം പ്രസിഡന്റ് നിയമനം പൂര്‍ത്തിയായി

കോണ്‍ഗ്രസ് മണ്ഡലം പുനസംഘടന ആരംഭിച്ചു; പത്തനംതിട്ട ജില്ലയില്‍ മണ്ഡലം പ്രസിഡന്റ് നിയമനം പൂര്‍ത്തിയായി

തിരുവനന്തപുരം: ബ്ലോക്ക് പ്രസിഡന്റ് നിയമനം പൂര്‍ത്തിയായതിനു പിന്നാലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടന ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ മണ്ഡലം കമ്മിറ്റികള്‍ക്കും പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. മറ്റു ജില്ലകളില്‍ ഈ മാസം അവസാനത്തോടെ പുനസംഘടന പൂര്‍ത്തിയാക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ പുനസംഘടന പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി പത്തനംതിട്ട മാറി. അവിടുത്തെ 74 മണ്ഡലം പ്രസിഡന്റുമാരുടെയും പേര് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അംഗീകാരത്തോടുകൂടി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പ്രസിദ്ധീകരിച്ചു.

വയനാട്ടില്‍ ചേര്‍ന്ന കെപിസിസി ലീഡേഴ്‌സ് മീറ്റിന്റെ യോഗ തീരുമാനപ്രകാരം ആദ്യഘട്ടമായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ പുനസംഘടനയ്ക്ക് ശേഷമാണ് മണ്ഡലം പ്രസിഡന്റുമാരുടെ പുനസംഘടനയിലേക്ക് കോണ്‍ഗ്രസ് കടന്നത്.

മറ്റു ജില്ലകളിലെയും മണ്ഡലം പ്രസിഡന്റുമാരുടെ പുനസംഘടന നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം തന്നെ മുഴുവന്‍ ജില്ലയികളിലെയും മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിക്കുവാനാണ് കെപിസിസിയുടെ തീരുമാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒറ്റക്കെട്ടായി പ്രവര്‍ത്തന സജ്ജമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പുനസംഘടന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് കെപിസിസി നിര്‍ദ്ദേശം നല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.