കൊച്ചി: സ്‌കൂള്‍ പ്രവൃത്തി ദിനത്തിലെ കുറവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. പത്ത് ദിവസത്തിനകം മറുപടി നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കലണ്ടര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
സ്‌കൂള്‍ പ്രവൃത്തി ദിനം 210 ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജറാണ് ഹര്‍ജിക്കാരന്‍. പ്രവൃത്തി ദിനം കുറച്ചത് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.
പ്രവൃത്തി ദിനം കുറവായതിനാല്‍ സിലബസ് പൂര്‍ത്തിയാക്കാന്‍ പ്രയാസമാണെന്ന് ഹര്‍ജിക്കാരന്‍ കുറ്റപ്പെടുത്തുന്നു. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ പ്രവൃത്തിദിനം 205 ആയി കുറച്ചത്.