കോട്ടയം: സ്പീക്കറുടെ ഗണപതി പ്രസ്താവനയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്എസ്. പ്രശ്നം വഷളാക്കരുതെന്ന് എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായി മുന്നോട്ടു പോകുമെന്നും യോഗം വ്യക്തമാക്കി.
അതേസമയം മിത്ത് വിവാദത്തില്‍ അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്നുള്ള അന്തസുള്ള നിലപാടാണ് എന്‍എസ്എസ് എടുത്തിരിക്കുന്നതെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ വ്യക്തമാക്കി. മുതലെടുപ്പുകള്‍ക്ക് എന്‍എസ്എസ് നിന്നു കൊടുക്കില്ല. നിയമപരമായി തെറ്റുകളെ നേരിടുകയെന്നതാണ് എന്‍എസ്എസ് നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.
മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ ഇന്ന് ചേര്‍ന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കറുടെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ നിലപാട് വ്യക്തമാക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു. എ.എന്‍ ഷംസീറിന്റെ പ്രസ്താവന ഉരുണ്ടു കളിയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്പീക്കറുടെ പ്രതികരണത്തില്‍ മറ്റ് പ്രതിഷേധങ്ങള്‍ക്ക് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പ്രശ്നം കൂടുതല്‍ വഷളാക്കാതെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടനടി നടപടിയെടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി നിയമ മാര്‍ഗം തേടാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.