കൊച്ചി: കാരുണ്യമുള്ള പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ ടിഡിഎം ഹാളില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പക്ഷാന്തരമന്യേ ജനഹൃദയങ്ങളില്‍ മായാത്ത ശില്‍പമായി തിളങ്ങുന്ന അതുല്യ വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടി. ജനപ്രതിനിധി എന്ന നിലയില്‍ അനേകര്‍ക്ക് അദേഹം ചെയ്ത നന്മയുടെ സാക്ഷ്യമാണ് പുതുപ്പള്ളി സെമിത്തേരിയിലേക്കുള്ള അണമുറിയാത്ത ജനപ്രവാഹം സൂചിപ്പിക്കുന്നത്.
ചങ്ങനാശേരിഎസ്.ബി കോളജില്‍ ബിരുദ പഠനം നടത്തിയ കാലം മുതല്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ കര്‍ദിനാള്‍ പങ്കുവെച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് പ്രവേശിക്കുകയും പടിപടിയായി ഉയര്‍ന്നു വരുകയും ചെയ്ത നേതാവായിരുന്നു അദേഹം.
എപ്പോഴും ജനക്കൂട്ടത്തിനിടയില്‍ ആയിരുന്നെങ്കിലും വ്യക്തിപരമായി സൗഹൃദം സൂക്ഷിച്ചിരുന്ന ഉമ്മന്‍ ചാണ്ടി ജനപ്രതിനിധികള്‍ മാതൃകയാക്കേണ്ട വ്യക്തിത്വമാണെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി വേദിയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിന് മുന്നില്‍ മേജര്‍ ആര്‍ച്ച് ബിഷപ് പുഷ്പാര്‍ച്ചന നടത്തി.