അര നൂറ്റാണ്ടിനിടെ ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനം ഇന്ന്; 19 ബില്ലുകള്‍ ചര്‍ച്ചയ്ക്ക്

അര നൂറ്റാണ്ടിനിടെ ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനം ഇന്ന്; 19 ബില്ലുകള്‍ ചര്‍ച്ചയ്ക്ക്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന് ഇന്ന് തുടക്കം. 12 ദിവസങ്ങളായാണ് ഇത്തവണത്തെ സെഷന്‍ നടക്കുക. ഇന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രി വക്കം പുരുഷോത്തമന്‍ എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. 53 വര്‍ഷത്തിനിടെ ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭാ സമ്മേളനമാണ് ഇന്ന് ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, വിവിധ കക്ഷിനേതാക്കള്‍ എന്നിവര്‍ ചരമോപചാരം അര്‍പ്പിക്കും.

അതേസമയം വിവിധ രാഷ്ട്രീയ വിവാദങ്ങള്‍ കേരള പൊതുസമൂഹത്തില്‍ കത്തി നില്‍ക്കെയാണ് ഇത്തവണത്തെ സമ്മേളനം എന്ന പ്രത്യേകതയുണ്ട്. സ്പീക്കര്‍ ഉള്‍പ്പെട്ട മിത്ത് വിവാദം, സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങള്‍, ഏക വ്യക്തിനിയമം, മൈക്ക് വിവാദം, സാമ്പത്തിക പ്രതിസന്ധി, മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ പ്രതിപക്ഷം സഭയിലുന്നയിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് നീക്കം.

സംസ്ഥാനത്ത് ചര്‍ച്ചയായ വിവിധ വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പ്രതികരിക്കുമോ എന്നതും ഉറ്റുനോക്കുന്നുണ്ട്. കോവിഡിന് മുന്‍പ് ചോദ്യോത്തര വേള പകര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്ന സൗകര്യം ഇത്തവണ പുനസ്ഥാപിക്കുമോ എന്നതും അറിയേണ്ടതുണ്ട്. പ്രതിപക്ഷ നിരയില്‍ മുന്‍നിരയിലായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഇരിപ്പിടം മാറ്റി സീറ്റുകള്‍ പുനക്രമീകരിക്കും. 19 ബില്ലുകളാണ് ഈ സെഷനിലെ മുഖ്യ അജണ്ട.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.