പ്രവാസികള്‍ക്ക് ഇരുട്ടടി; ഗള്‍ഫിലേക്ക് മടങ്ങുന്നവരെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍

പ്രവാസികള്‍ക്ക് ഇരുട്ടടി; ഗള്‍ഫിലേക്ക് മടങ്ങുന്നവരെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍

തിരുവനന്തപുരം: അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് ഇരുട്ടടിയായി വിമാനക്കമ്പനികളുടെ കൊള്ള. അടുത്ത മാസം ആദ്യം ഗള്‍ഫ് മേഖലയില്‍ സ്‌കൂളുകള്‍ തുറക്കുന്ന സമയത്ത് തിരികെപ്പോവുന്നതിന് പ്രവാസികള്‍ ലക്ഷങ്ങള്‍ കൊടുക്കേണ്ട സ്ഥിതിയാണ്.

മുംബൈയില്‍ നിന്നുള്ളതിനെക്കാള്‍ മൂന്നിരട്ടി തുകയാണ് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് മേഖലയിലേക്ക് എത്തണമെങ്കില്‍ നല്‍കേണ്ടത്. ഓണം കഴിയുന്നതോടെ പ്രവാസികള്‍ മടങ്ങിപ്പോകുമെന്നത് തിരിച്ചറിഞ്ഞാണ് ഈമാസം അവസാനവും സെപ്റ്റംബര്‍ ആദ്യവും വമ്പന്‍ നിരക്കുമായി കമ്പനികള്‍ ബുക്കിങ് സ്വീകരിക്കുന്നത്.

40,000 രൂപ മുതല്‍ 75,000 രൂപവരെയാണ് ഈ സമയത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് ഈടാക്കുന്ന തുക. 10,000 മുതല്‍ 15,000 രൂപവരെയുള്ള നിരക്കാണ് മൂന്നും നാലും മടങ്ങാവുന്നത്. കൂടുതല്‍ സര്‍വീസുകളുള്ള കൊച്ചിയില്‍ നിന്നും നിരക്കില്‍ കുറവില്ല. ഈ ദിവസങ്ങളില്‍ തിരിച്ച് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് 10,000 രൂപയ്ക്കുവരെ ടിക്കറ്റ് ലഭിക്കുമെന്നതാണ് പ്രത്യേകത.

സീസണ്‍ അനുസരിച്ച് അസാധാരണമാംവിധം നിരക്ക് ഉയര്‍ത്തുന്നതിനെതിരേ സംസ്ഥാന സര്‍ക്കാരും എം.പി.മാരും കേന്ദ്രത്തെ സമീപിച്ചിരുന്നു. വിമാന കമ്പനികള്‍ക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.