ദുബായ്:യുഎഇയില്‍ വിസ കാലാവധി കഴിഞ്ഞ് താമസിക്കുന്ന താമസക്കാർക്കും സന്ദർശകർക്കുമുളള പിഴകള്‍ ഏകീകരിച്ച് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്ക് ഓരോ ദിവസത്തിനും 50 ദിർഹമാണ് പിഴ. നേരത്തെ ഇത് 100 ദിർഹമായിരുന്നു. സന്ദർശക- താമസവിസ കാലാവധി കഴിഞ്ഞവർക്ക് ഇത് ബാധകമാണ്.
വിസ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും സമയ ബന്ധിതമായി വിസ പുതുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയെന്നുളളതാണ് ഫീസ് ഏകീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റിലൂടെയും അതോറിറ്റിയുടെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും ദുബായ് നൗ ആപ്പിലൂടെയും അംഗീകൃത കേന്ദ്രങ്ങളിലൂടെയും വിസകള്‍ക്കും എന്‍ട്രി പെർമിറ്റുകള്‍ക്കുമുളള അപേക്ഷ നല്‍കാം. വിസാ കാലാവധി സംബന്ധിച്ച വിവരങ്ങള്‍ മനസിലാക്കാനും വിസ ഫീസ് സംബന്ധിച്ചുളള വിവരങ്ങള്‍ അറിയാനും വെബ്സൈറ്റ് സന്ദർശിക്കാം.
കൂടാതെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന് കീഴിലുള്ള രജിസ്റ്റർ ചെയ്ത ഓഫീസുകളിലോ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അംഗീകരിച്ച അംഗീകൃത കേന്ദ്രങ്ങളിലൂടെയും അപേക്ഷ നല്‍കാവുന്നതാണ്. എന്‍ട്രി പെർമിറ്റിന് അംഗീകാരം ലഭിച്ചാല്‍ പെർമിറ്റിനൊപ്പം സ്ഥിരീകരണ സന്ദേശം കൂടി ലഭിക്കുമെന്നും ഐസിപി അറിയിച്ചു.