തിരുവനന്തപുരം: അച്ചടക്ക ലംഘനം ആരോപിച്ച് കുട്ടനാട് എംഎല്‍എയായ തോമസ്.കെ തോമസിനെതിരെ നടപടിയെടുത്ത് എന്‍സിപി കേന്ദ്ര നേതൃത്വം. എംഎല്‍എയെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് എന്‍സിപി പുറത്താക്കി. സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന് കത്തയച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.
തോമസ്.കെ തോമസ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍, എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ എന്നിവര്‍ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. കുട്ടനാട് പാടശേഖരത്തില്‍ കാര്‍ അപകടത്തില്‍പെടുത്തി തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്ന തോമസ്.കെ തോമസിന്റെ വെളിപ്പെടുത്തലില്‍ എന്‍സിപി നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് അദേഹം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. വ്യവസായിയും എന്‍സിപി മുന്‍ പ്രവര്‍ത്തക സമിതി അംഗവുമായ റെജി ചെറിയാനാണ് ഇതിനു പിന്നിലെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു.