ന്യൂഡല്‍ഹി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. നാളെ മുതല്‍ തന്നെ പ്രചാരണം ആരംഭിക്കാനാണ് തീരുമാനം.
എഐസിസി നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. എട്ടിന് ഫലമറിയാം. 27 ദിവസം മാത്രമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്. ഓഗസ്റ്റ് 17 നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.
ഉമ്മന്‍ചാണ്ടിയെന്ന ജനപ്രീയ നേതാവിന്റെ ഓര്‍മ്മകള്‍ വൈകാരികമായ നിലയില്‍ തുണയ്ക്കുമെന്നും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാനാവുമെന്നുമുള്ള പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്.
എന്നാല്‍ 53 വര്‍ഷം തുടര്‍ച്ചയായി ഉമ്മന്‍ ചാണ്ടി നിലനിര്‍ത്തിയ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ താഴ്ത്താനായതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. ജെയ്ക് സി.തോമസ്, റെജി സഖറിയ, കെ.എം രാധാകൃഷ്ണന്‍ എന്നിവരാണ് പരിഗണനയിലുള്ളത്.