കോട്ടയം: പാര്‍ട്ടി തന്നിലേല്‍പ്പിച്ചത് വലിയ ഉത്തരവാദിത്വമാണെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. പാര്‍ട്ടി നേതൃത്വത്തിന് ബഹുമാനം അര്‍പ്പിക്കുന്നതായും പാവപ്പെട്ടവന് കൈത്താങ്ങാകാന്‍ ശ്രമിക്കുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
ഏഴ് വര്‍ഷമായി തുടരുന്ന ഇടത് ഭരണത്തിനെതിരായ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പ് ഫലം. സാധാരണക്കാരന്റെ ജീവിതം മാറ്റുന്നതാണ് യഥാര്‍ത്ഥ വികസനം. കഴിഞ്ഞ 53 വര്‍ഷമായി അതിവിടെ നടക്കുന്നുണ്ട്. ഇനിയും തുടരുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറിനകം തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഡല്‍ഹിയില്‍ വച്ചാണ് ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. നാളെ മുതല്‍ തന്നെ ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്ന് അദേഹം അറിയിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ചാണ്ടി ഉമ്മനല്ലാതെ മറ്റൊരു പേരില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ചാണ്ടി ഉമ്മന്റെ പേര് ഐക്യകണ്ഠ്യേനയാണ് തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി.