കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥിയെ 11 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനിക്കും. മന്ത്രി വി.എന്‍ വാസവനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ ജയചന്ദ്രനുമാണ് തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല.
തെരഞ്ഞെടുപ്പ് തീരുമാനിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അതിവേഗം കളം നിറഞ്ഞെങ്കിലും സിപിഎം തീരുമാനം ചിലപ്പോള്‍ അല്‍പം വൈകാനും സാധ്യതയുണ്ട്. ഒന്നില്‍ കൂടുതല്‍ പേരെ പരിഗണിക്കുന്നതിനാലാണിത്.
സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ പ്രഥമ പരിഗണന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം വലിയ രീതിയില്‍ കുറച്ച ജെയ്ക് സി തോമസിന് തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് തോറ്റതിനു ശേഷവും മണ്ഡലം കേന്ദ്രീകരിച്ചാണ് ജെയ്കിന്റെ പ്രവര്‍ത്തനം.
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ റജി സക്കറിയ, കെ.എം രാധാകൃഷ്ണന്‍ എന്നിവരുടെ പേരും ചര്‍ച്ചയിലുണ്ട്. എന്നാല്‍ ജെയ്കിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് കോട്ടയം ജില്ലയില്‍ നിന്നുള്ള പൊതു വികാരം. ഉമ്മന്‍ചാണ്ടി വികാരം അതിതീവ്രമായി മണ്ഡലത്തിലുണ്ട്. അതിനെ മറികടക്കാന്‍ വേണ്ടിയുള്ള പ്രചാരണ തന്ത്രങ്ങള്‍ സിപിഎമ്മിന്റെ നേതൃയോഗങ്ങള്‍ ചര്‍ച്ച ചെയ്യും.
അതേസമയം ജോര്‍ജ് കുര്യന്‍, ലിജിന്‍ ലാല്‍, എന്‍. ഹരി എന്നിവരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണനയിലുള്ളത്.