തിരുവനന്തപുരം: ഓണം അടുത്തപ്പോള്‍ പതിവുപോലെ യാത്രാനിരക്ക് കുത്തനെ കൂടിയതോടെ ആഘോഷം നാട്ടില്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ് മലയാളികളില്‍ പലരും. വിമാന ടിക്കറ്റ് വില ഇതിനോടകം ഇരട്ടിയിലധികമായി. ട്രെയിന് ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുന്‍പേ തീരുകയും ചെയ്തു.
സര്‍ക്കാര്‍ ഇടപെടലില്‍ മാത്രമാണ് ഇനി പ്രതീക്ഷ. ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നതോടെ ഓണത്തിന് നാട്ടില്‍ പോകാന്‍ കഴിയാതെ പ്രതിസന്ധിയിലാണ് ഡല്‍ഹി മലയാളികള്‍. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുളള വിമാന ടിക്കറ്റ് നോക്കിയാല്‍ കണ്ണുത്തളളും.
ഉത്സവകാലമായതിനാല്‍ ട്രെയിന്‍ ടിക്കറ്റും കിട്ടാനില്ല. ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് വിമാന ടിക്കറ്റ് നിരക്ക് 4500 രൂപയാണ്. എന്നാല്‍ ഇപ്പോള്‍ അത് 8000-10000 വരെയായി ഉയര്‍ന്നിരിക്കുന്നു. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇതിലും കൂടിയ നിരക്ക്. ട്രെയിന്‍ ടിക്കറ്റ് 2000-3000ത്തിനും ഇടയില്‍. അതാണെങ്കില്‍ മാസങ്ങള്‍ക്കു മുന്‍പേ തീര്‍ന്ന അവസ്ഥയാണ്.
കൂടിയ നിരക്കില്‍ ഈ ഓണക്കാലത്ത് നാട്ടിലേക്ക് പോകുന്നത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് മലയാളികള്‍ പറയുന്നു. എല്ലാ ഉത്സവക്കാലത്തും ഇത് തന്നെയാണ് അവസ്ഥ. വിമാനകമ്പനികള്‍ തോന്നുംപടി നിരക്ക് വര്‍ധിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടലാണ് മലയാളികളുടെ ആവശ്യം. വിമാന കമ്പനികളുടെ തീവെട്ടി കൊള്ളയും, ട്രെയിന്‍ ടിക്കറ്റുകളുടെ ലഭ്യത കുറവും കാരണം ഈ പ്രാവശ്യവും നാട്ടിലെ ഓണാഘോഷം മലയാളികള്‍ക്ക് സ്വപ്നമാണ്.
ബെംഗളൂരുവില്‍ നിന്ന് ഓണത്തിന് നാട്ടിലെത്തേണ്ടവര്‍ക്കും വന്‍ തുക ചെലവാക്കേണ്ട അവസ്ഥയാണ്. ബസ് ബുക്കിംഗ് വെബ്സൈറ്റുകളില്‍ ഇപ്പോഴേ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ബസിന് ടിക്കറ്റൊന്നിന് വില മൂവായിരത്തിയഞ്ഞൂറ് കടന്നു. അഞ്ചു പേരുള്ള കുടുംബത്തിന് ബസില്‍ നാട്ടിലേക്ക് പോകാന്‍ ഓണക്കാലത്ത് പതിനേഴായിരത്തിലധികം രൂപ വേണ്ടി വരും.