തിരുവനന്തപുരം: വീണാ വിജയനെതിരായ മാസപ്പടി വിവാദത്തിന് പിന്നാലെ ഡയറിയില്‍ യുഡിഎഫ് നേതാക്കളുടെ പേരുകളുണ്ടെന്ന കണ്ടെത്തല്‍ പ്രതിപക്ഷത്തിന് തിരിച്ചടിയായി.
ഇതോടെ വിഷയം നിയമ സഭയില്‍ ഉന്നയിക്കുന്നതില്‍ യുഡിഎഫില്‍ ആശയക്കുഴപ്പമായി. ഡയറിയില്‍ യുഡിഎഫ് നേതാക്കളുടെ പേരുള്ളത് തിരിച്ചടിക്കുമോ എന്നാണ് സംശയം.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വിഷയം ആളിക്കത്തിക്കാന്‍ പ്രതിപക്ഷം തയ്യാറെടുക്കുന്നതിനിടയിലാണ് പ്രമുഖ യുഡിഎഫ് നേതാക്കളുടെ പേരും ഡയറിയിലുണ്ടെന്ന വിവരം പുറത്തു വന്നത്.
സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലുള്ള കാര്യങ്ങളാണ് ആദായനികുതി വകുപ്പ് രേഖകളിലുള്‍പ്പെടുത്തി നല്‍കിയത്. വീണാ വിജയന്റേത് കൂടാതെ യുഡിഎഫ് നേതാക്കളുടെ പേരുകളും ഡയറിയിലുണ്ട്.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ് എന്നിവരുള്‍പ്പടെയുള്ളവരുടെ പേരുള്ള സാഹചര്യത്തില്‍ എങ്ങനെ വിഷയം സഭയില്‍ ഉന്നയിക്കുമെന്നാണ് യുഡിഎഫിന്റെ ആശങ്ക. മാസപ്പടി വിഷയം ഉയര്‍ത്തിയാല്‍ അത് ബൂമറാങ് ആയി തിരിച്ചടിച്ചേക്കും എന്നതിനാല്‍ ഇത് സഭയിലവതരിപ്പിക്കാന്‍ യുഡിഎഫ് മുതിര്‍ന്നേക്കില്ല.