തിരുവനന്തപുരം: സീറോ മലബാര്‍ സഭാംഗങ്ങള്‍ ഇനി മുതല്‍ സീറോ മലബാര്‍ സിറിയന്‍ കാത്തലിക് എന്ന് അറിയപ്പെടും. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷന്‍ സമര്‍പ്പിച്ച 164 സംവരണേതര വിഭാഗങ്ങളുടെ പട്ടികയില്‍ 163-ാം സ്ഥാനത്തുള്ള സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്) എന്നത് സീറോ മലബാര്‍ സിറിയന്‍ കാത്തലിക് എന്നാക്കി മാറ്റി. ഇതുസം ബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി.
സീറോ മലബാര്‍ സഭയില്‍ ഉള്‍പ്പെട്ട ക്‌നാനായ കാത്തലിക്, ദളിത് കാത്തലിക്, നാടാര്‍ കാത്തലിക് എന്നിവര്‍ ഒഴികെയുള്ള അംഗങ്ങളെ സൂചിപ്പിക്കുന്നതിനാണ് സീറോ മലബാര്‍ സിറിയന്‍ കാത്തലിക് എന്ന പേര്.
അതേസമയം കൂട്ടികളുടെ ജനനസമയത്ത് നല്‍കുന്ന വിവരങ്ങളിലും ജനന സര്‍ട്ടിഫിക്കറ്റിലും കുട്ടികളുടെ വിദ്യാഭ്യാസ പ്രവേശനവേളയിലും ഇതര സര്‍ക്കാര്‍-സര്‍ക്കാരിതര രേഖകളിലും സമുദായത്തിന്റെ പേര് ചോദിക്കുന്നിടത്ത് ''സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക് )' എന്ന് നല്‍കണമെന്ന് മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം 2021 ല്‍ സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (Reservation for the Economically Backward Sections)അനുവദിക്കപ്പെട്ടിരിക്കുന്ന പത്തു ശതമാനം സംവരണാനുകൂല്യം നേടിയെടുക്കാന്‍ സീറോ മലബാര്‍കാര്‍ക്കും അര്‍ഹതയുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. കേരള സംസ്ഥാനത്തുള്ള സംവരണത്തിന് അവരവരുടെ താമസ സ്ഥലം ഉള്‍പ്പെടുന്ന വില്ലേജ് ഓഫീസിറുടെ പക്കല്‍ നേരിട്ട് അപേക്ഷ നല്‍കിയാണ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടത്. കേന്ദ്രതല സംവരണത്തിന് ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്ഥലത്തെ തഹസീല്‍ദാര്‍ക്ക് അപേക്ഷ കൊടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങാം. കേന്ദ്ര, സംസ്ഥാന സംവരണങ്ങള്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങളിലും വ്യത്യാസമുണ്ട്.
സാമ്പത്തിക സംവരണം ലഭിക്കാന്‍ അര്‍ഹതയുള്ള സംവരണേതര സമുദായങ്ങളുടെ ലിസ്റ്റ് 2021 ജൂണ്‍ മൂന്നിന് കേരള സര്‍ക്കാരിന്റെ പൊതുഭരണ വകുപ്പ് ഒരു അസാധാരണ ഗസ്റ്റ് വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിച്ചത് അനുസരിച്ച് സീറോ മലബാര്‍ സമുദായത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത് സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്) എന്നാണ്.