കോട്ടയം: മണര്‍കാട് പള്ളി പെരുന്നാള്‍ സമയത്ത് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ശരിയായില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍. പള്ളിപ്പെരുന്നാള്‍ കണക്കിലെടുത്ത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വി.എന്‍ വാസവന്റെ പ്രതികരണവും.
വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ അഞ്ച്, വോട്ടെണ്ണല്‍ ദിനമായ സെപ്റ്റംബര്‍ എട്ട് തീയതികളിലാണ് പ്രശസ്തമായ മണര്‍കാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാള്‍.
മണര്‍കാട് പള്ളിപ്പെരുന്നാള്‍ വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്ന ആശങ്ക ഇരുപാര്‍ട്ടികള്‍ക്കും ഉണ്ട്. പെരുന്നാള്‍ ദിവസമായതിനാല്‍ ഈ ദിവസങ്ങളില്‍ മണര്‍കാടും അയര്‍കുന്നവും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അനിയന്ത്രിതമായ തിരക്കുണ്ടാകും. നാല് ബൂത്തുകള്‍ പള്ളിക്ക് വളരെ അടുത്താണ്. ഇത് വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടാകുമെന്ന ആശങ്കയാണ് ഇവര്‍ പങ്കുവെക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചുവരെഴുതിയും പോസ്റ്ററൊട്ടിച്ചും കോണ്‍ഗ്രസ് മണ്ഡലത്തില്‍ സജീവമാണ്. പലയിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അതേസമയം ഇടതുപക്ഷത്ത് നിന്ന് ആര് മത്സരിക്കുമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.