കൊച്ചി: എന്‍എസ്എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ. നാല് ആഴ്ച്ചത്തേക്ക് തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപ യാത്രക്കെതിരെയാണ് കേസെടുത്തത്.
കേസിന് ആധാരമായ കാര്യങ്ങളൊന്നും നാമജപ ഘോഷയാത്രയില്‍ ഉണ്ടായിട്ടില്ലെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരും കടുത്ത നടപടി ഉണ്ടാവില്ലെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. കേസിനെതിരെ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരത്ത് പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.
പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗത തടസം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം നല്‍കിയ എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഒന്നാം പ്രതിയും ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കുമെതിരെയാണ് കേസ്.
നാമജപഘോഷ യാത്രക്കെതിരെ കേസെടുത്തത് എന്‍എസ്എസ് നേതൃത്വത്തെ കൂടുതല്‍ പ്രകോപിപ്പിച്ചിരുന്നു. ഇങ്ങിനെയെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കുമെതിരെ കേസെടുക്കേണ്ടിവരുമെന്നായിരുന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രതികരണം.