മാസപ്പടി വിവാദം ഉന്നയിച്ച മാത്യു കുഴല്‍നാടനെ തടഞ്ഞ് സ്പീക്കര്‍; സഭയില്‍ നാടകീയ രംഗങ്ങള്‍

 മാസപ്പടി വിവാദം ഉന്നയിച്ച മാത്യു കുഴല്‍നാടനെ തടഞ്ഞ് സ്പീക്കര്‍; സഭയില്‍ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന വിവാദം നിയമസഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് അംഗം മാത്യു കുഴല്‍നാടന്‍. അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഇടപെട്ട സ്പീക്കര്‍ ക്രമ പ്രശ്നം ഉന്നയിച്ച് അത് തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കടുത്ത വാഗ്‌വാദവും അരങ്ങേറിയതോടെ നിയമസഭ നാടകീയ രംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു.

മാസപ്പടി വിവാദം സഭയില്‍ ഉന്നയിക്കുന്നതില്‍ നിന്നും പ്രതിപക്ഷം പിന്‍വലിഞ്ഞെന്ന ആക്ഷേപം രൂക്ഷമാവുന്നതിനിടയിലാണ് മാത്യു കുഴല്‍നാടന്‍ ഏകനായി ഈ വിഷയം എടുത്തിട്ടത്. നെല്‍വയല്‍ തണ്ണീര്‍തട നിയമ ഭേദഗതിയുടെ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹം ഇത് പരാമര്‍ശിച്ചത്.

മാത്യു പ്രസംഗത്തില്‍ വിവാദം പരാമര്‍ശിച്ചു തുടങ്ങിയപ്പോള്‍ തന്നെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ തടഞ്ഞു. എന്തും വിളിച്ചു പറയാനുള്ള വേദിയല്ല ഇതെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ചയ്ക്കിടെ എന്തെല്ലാം വിഷയങ്ങള്‍ ആരെല്ലാം പറയുന്നു എന്നായിരുന്നു മാത്യുവിന്റെ പ്രതികരണം. അപ്പോഴൊന്നും ഇല്ലാത്തക്രമപ്രശ്നം ഇപ്പോള്‍ എങ്ങനെ വരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

ബില്‍ ചര്‍ച്ചയ്ക്കിടെ മറ്റു കാര്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും അവ സഭാ രേഖകളില്‍ ഉണ്ടാവില്ലെന്നും സ്പീക്കര്‍ റൂളിങ് നല്‍കി. തുടര്‍ന്ന് പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കി. നീക്കിയ ഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.