സംസ്ഥാന ചലച്ചിത്ര അവാർഡുകൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി ഹൈകോടതി തള്ളി. അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടത്തിയ ഇടപെടലുകൾ അന്വേഷിക്കാൻ സർക്കാരിനോടും ഡി.ജി.പിയോടും നിർദേശിക്കണമെന്നുമാവശ്യ​പ്പെട്ട്​ ‘ആകാശത്തിന് താഴെ’ സിനിമ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ തള്ളിയത്​.

കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഹർജിക്കാരൻ ആരോപണങ്ങൾ ഉന്നയിച്ചതെന്ന്​ വ്യക്തമാക്കിയാണ്​ ഉത്തരവ്​.
ഹർജിക്കാരന്‍റെ സിനിമയും സംവിധായകൻ വിനയന്‍റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രവും അവാർഡ് നിർണയത്തിന്​ സമർപ്പിച്ചിരുന്നെങ്കിലും തഴയപ്പെട്ടതായി ഹർജിയിൽ ആരോപിച്ചിരുന്നു.

ജൂറിയുടെ തീരുമാനങ്ങളിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ വിനയൻ സർക്കാരിന് തെളിവുകൾ സഹിതം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.