ദുബായ്: ദുബായില്‍ സ്കൂള്‍ തുറന്ന ആദ്യദിനം വലിയ വാഹനാപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്ന് പോലീസ്. യുഎഇയുടെ ബാക് ടു സ്കൂള്‍ ഡ്രൈവായ എ ഡേ വിത്തൗഡ് ആക്സിഡന്‍റ്സ് ക്യാംപെയിന്‍ വിജയമായതായും ദുബായ് പോലീസ് വിലയിരുത്തി. അപകട രഹിത ദിനത്തിൽ സ്‌കൂളുകൾക്ക് സമീപം ട്രാഫിക് അപകടങ്ങളോ നിയമലംഘനങ്ങളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് ദുബായ് പോലീസ് അറിയിച്ചു.
സ്കൂളുകളിലേക്കുളള ഗതാഗതം നിയന്ത്രിക്കുക, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയെന്നുളളതും ക്യാംപെയിനില്‍ ഉള്‍പ്പെട്ടിരുന്നു. സ്കൂളുകളുടെ എണ്ണം വർദ്ധിച്ചതോടെ ഗതാഗതവും കൂടി, അതുകൊണ്ടുതന്നെ ഇപ്പോഴുണ്ടാകുന്ന ഗതാഗത തടസ്സത്തെ മുന്‍വർഷങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് ദുബായ് പോലീസിലെ ഇവന്‍റ്സ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാനും ഓപ്പറേഷൻസ് അസിസ്റ്റനന്‍റ് കമാൻഡർ-ഇൻ-ചീഫുമായ മേജർ ജനറൽ അബ്ദുല്ല അൽ ഗൈത്തി പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിൽ ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായാണ് അപകടരഹിത ദിനം ഫെഡറൽ ട്രാഫിക് കൗൺസിൽ നടപ്പിലാക്കിയത്. മധ്യവേനല്‍ അവധിക്ക് ശേഷം സ്കൂളുകള്‍ ആരംഭിച്ച തിങ്കളാഴ്ച ട്രാഫിക് നിയമങ്ങള്‍ പാലിച്ച് അപകട- പിഴ രഹിതമായി വാഹനമോടിക്കണമെന്നായിരുന്നു നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ടുളള പ്രതിഞ്ജയെടുക്കുകയും പാലിക്കുകയും ചെയ്താല്‍ നേരത്തെ കിട്ടിയ നാല് ബ്ലാക്ക് പോയിന്‍റുകള്‍ വരെ ഒഴിവാകുമെന്നും അധികൃതർ പറഞ്ഞിരുന്നു.