മോസ്‌കോ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി പറയപ്പെടുന്ന റഷ്യയിലെ കൂലി പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്റെ പേരില്‍ പുതിയൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
പ്രമുഖ സമൂഹ മാധ്യമ പ്‌ളാറ്റ്ഫോമായ എക്സില്‍ ഉക്രെയ്ന്‍ ആഭ്യന്തര മന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ആന്റണ്‍ ജിറാഷെങ്കോയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 'എന്റെ മരണം, വ്യക്തി ജീവിതം, സമ്പാദ്യം എന്നിവയെക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യുന്നവര്‍ക്കായി... ഞാന്‍ സുഖമായിരിക്കുന്നു' - ഒരു വാഹനയാത്രക്കിടെയാണ് പ്രിഗോഷിന്‍ ഇക്കാര്യം പറയുന്നത്.
'എന്റെ മരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ക്കായി...എനിക്ക് സുഖമാണ്, ഇപ്പോള്‍ 2023 ഓഗസ്റ്റ് രണ്ടാം പകുതിയുടെ വാരാന്ത്യമാണ്. ഞാനിപ്പോള്‍ ആഫ്രിക്കയിലാണ്.' എന്നും പ്രിഗോഷിന്‍ തുടര്‍ന്നു പറയുന്നു. വീഡിയോ എവിടെവച്ച് ചിത്രീകരിച്ചെന്നോ എന്നാണ് പോസ്റ്റ് ചെയ്തതെന്നോ വ്യക്തതയില്ല.
പ്രിഗോഷിനും സംഘാംഗങ്ങളും യാത്ര ചെയ്ത വിമാനം ഓഗസ്റ്റ് 23 നാണ് തകര്‍ന്നു വീണന്നാണ് വാര്‍ത്തകള്‍ വന്നത്. സംഭവത്തില്‍ പ്രിഗോഷിനടക്കം വിമാനത്തിലുള്ളവരെല്ലാം മരിച്ചതായും ഡിഎന്‍എ പരിശോധനയില്‍ ഇത് സ്ഥിരീകരിച്ചെന്നുമാണ് റഷ്യന്‍ ഭരണകൂടം വ്യക്തമാക്കിയത്.
പ്രിഗോഷിന്റെ മൃതദേഹം ചൊവ്വാഴ്ചയാണ് സംസ്‌കരിച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത സംസ്‌കാര ചടങ്ങ് റഷ്യന്‍ സുരക്ഷാ സേനാ കാവലിലാണ് നടന്നത്. അതിന് ശേഷമാണ് ഇത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.