പത്തനംതിട്ടയില്‍ കനത്ത മഴ, ഉരുള്‍പൊട്ടല്‍; മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്

പത്തനംതിട്ടയില്‍ കനത്ത മഴ, ഉരുള്‍പൊട്ടല്‍; മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്

കൊച്ചി: പത്തനംതിട്ട ജില്ലയിലുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലില്‍ മലവെള്ളം ഇരച്ചെത്തിയതിനെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു.

ഇരു ഡാമുകളുടെയും എല്ലാ ഷട്ടറുകളും തുറക്കേണ്ടി വന്നു. മൂഴിയാറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് പരമാവധി വെള്ളം തുറന്നു വിടുകയാണ്. ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിക്ക് പുറമേ നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 8.30 മുതല്‍ നാളെ രാവിലെ 11.30 വരെ 0.4 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.