വേളാങ്കണ്ണി തിരുനാളിന് കൊടിയേറി; ആരോഗ്യമാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ജനപ്രവാഹം

വേളാങ്കണ്ണി തിരുനാളിന് കൊടിയേറി; ആരോഗ്യമാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ജനപ്രവാഹം

വേളാങ്കണ്ണി: ലോകപ്രശസ്തമായ ആരോഗ്യമാതാവിന്റെ ബസിലിക്കയില്‍ മറിയത്തിന്റെ ജനനതിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ തുടക്കം. തഞ്ചാവൂര്‍ രൂപത മെത്രാന്‍ ഡോ. ടി സഹായരാജ് കൊടിയേറ്റ് കർമ്മത്തിന് കാര്‍മികത്വം വഹിച്ചു.

ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബർ എട്ട് വരെയാണ് ഈവർഷത്തെ തിരുനാള്‍ ആഘോഷങ്ങൾ നടക്കുന്നത്. തിരുനാളിന്റെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ വലിയ തേരില്‍ മാതാവിന്റെ സ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെപ്റ്റംബർ ഏഴിന് വൈകുന്നേരം 7.30 ഓടെ നടക്കും. മാതാവിന്റെ ജനനതിരുനാള്‍ ദിനമായ സെപ്റ്റംബർ എട്ടിന് രാവിലെ നടക്കുന്ന ആഘോഷകരമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ശേഷം വൈകുന്നേരം തിരുനാള്‍ കൊടിയിറക്കത്തോടെ ചടങ്ങുകൾ സമാപിക്കും.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്, മലയാളം, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ, ഹിന്ദി, കൊങ്കണി, മറാഠി തുടങ്ങിയ വിവിധ ഭാഷകളിൽ പ്രത്യേക നൊവേനകളും തിരുനാൾ കുർബാനകളും ഉണ്ടായിരിക്കും. കേരളത്തില്‍ നിന്ന് ഉൾപ്പെടെ ആയിരക്കണക്കിന് തീര്‍ഥാടകരാണ് ദിവസവും കുര്‍ബാനകളിലും പ്രദക്ഷിണങ്ങളിലും പങ്കെടുക്കാനായി വേളാങ്കണ്ണിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.