ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉസ്ബക്കിസ്ഥാനില്‍ 30 ദിവസം വരെ തങ്ങുന്നതിന് ഇനി വിസ വേണ്ട.
താഷ്‌കന്റ്: ദീര്‍ഘകാല യുറേനിയം വിതരണ കരാറില്‍ ഇന്ത്യയും ഉസ്ബക്കിസ്ഥാനും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവും തമ്മില്‍ താഷ്‌കന്റില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനം.
കൂടാതെ, നഗരങ്ങളും സംസ്ഥാനങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിനായി മൂന്ന് 'സിസ്റ്റര്‍ സിറ്റി', 'സിസ്റ്റര്‍ സ്റ്റേറ്റ്' കരാറുകള്‍ക്കും ഇരുരാജ്യങ്ങളും അന്തിമ രൂപം നല്‍കുന്നുണ്ട്. ഈ പങ്കാളിത്തങ്ങള്‍ വെറും ഒപ്പുവെച്ച രേഖകളായി അവശേഷിക്കരുതെന്നും അവ യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ കൃത്യമായ കര്‍മ്മപദ്ധതി രൂപീകരിക്കണമെന്നും നരേന്ദ്ര മോഡി നിര്‍ദ്ദേശിച്ചു.
ഇന്ത്യയെ തങ്ങളുടെ വിശ്വസ്ത തന്ത്രപ്രധാന പങ്കാളിയായാണ് കാണുന്നതെന്ന് ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷം 100 കോടി ഡോളര്‍ കടന്നതായി അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സംരംഭങ്ങളുടെ എണ്ണം ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന പുതിയ വിസ പ്രഖ്യാപനവും ഉസബക്കിസ്ഥാന്‍ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉസ്ബക്കിസ്ഥാനില്‍ 30 ദിവസം വരെ തങ്ങുന്നതിന് ഇനി വിസ ആവശ്യമില്ലെന്ന് പ്രസിഡന്റ് മിര്‍സിയോയേവ് അറിയിച്ചു. യാത്രകള്‍ കൂടുതല്‍ എളുപ്പമായിരിക്കുകയാണെന്നും ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ച് ഇപ്പോള്‍ ആഴ്ചയില്‍ 14 നേരിട്ടുള്ള വിമാന സര്‍വീസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.