പ്രിന്‍സിപ്പലിന്റെ സമയോചിതമായ ഇടപെടല്‍ രക്ഷപെട്ടത് 1643 വിദ്യാര്‍ഥികള്‍; ബെല്ലടിച്ച് സ്‌കൂള്‍ വിട്ട് കുന്നിന്‍ മുകളിലേക്ക് ഓടി

പ്രിന്‍സിപ്പലിന്റെ സമയോചിതമായ ഇടപെടല്‍ രക്ഷപെട്ടത്  1643 വിദ്യാര്‍ഥികള്‍; ബെല്ലടിച്ച് സ്‌കൂള്‍ വിട്ട് കുന്നിന്‍ മുകളിലേക്ക് ഓടി

ദുരന്തത്തിന് മുന്‍പും ശേഷവുമുള്ള സ്‌കൂളിന്റെ ചിത്രം, രാജേന്ദ്ര ദവാഡി.

കാഠ്മണ്ഡു: ആ അധ്യാപകന്റെ സമയോചിതമായ ഇടപെടലില്‍ രക്ഷപെട്ടത് 1643 സ്‌കൂള്‍ കുട്ടികള്‍. നേപ്പാളിലെ നുവാകോട്ട് തൃശൂലി വാലിയിലുള്ള ത്രിഭുവന്‍ തൃശൂലി സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലും ഇംഗ്ലീഷ് അധ്യാപകനുമാണ് നാല്‍പത്തേഴുകാരനായ രാജേന്ദ്ര ദവാഡി.

ബുധനാഴ്ച രാവിലെ 9.20 നാണ് രാജേന്ദ്ര ദവാഡിക്ക് ഒരു സുഹൃത്തിന്റെ ഫോണ്‍ കോള്‍ വരുന്നത്. 'നമ്മുടെ ഗ്രാമം നദി കൊണ്ടുപോയി, വേഗം ഓടി രക്ഷപ്പെടൂ' എന്നായിരുന്നു ആ സന്ദേശം. ആ സമയം സ്‌കൂള്‍ കെട്ടിടത്തിലും പരിസരത്തുമായി 1,643 കുട്ടികളുണ്ടായിരുന്നു.

നദിയില്‍ നിന്നും ഏകദേശം 60 മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ പണിത കെട്ടിടമായതിനാല്‍ സ്‌കൂള്‍ സുരക്ഷിതമായിരിക്കുമെന്നാണ് ദവാഡി ആദ്യം കരുതിയത്. എന്നാല്‍ മിനിറ്റുകള്‍ക്കകം ഒരു രക്ഷിതാവും സുഹൃത്തുമായ ഒരാള്‍ ഓടിയെത്തി വെള്ളം അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന വിവരം അറിയിച്ചു.

പിന്നെ വൈകിയില്ല... ദവാഡി സ്‌കൂള്‍ ബെല്‍ അടിക്കാന്‍ ആവശ്യപ്പെടുകയും ക്ലാസ് മുറികളില് നിന്ന് ഉടന്‍ കുട്ടികളെ ഒഴിപ്പിക്കാനുള്ള നിര്‍ദ്ദേശം അധ്യാപകര്‍ക്ക് നല്‍കുകയും ചെയ്തു. സ്‌കൂള്‍ ബസുകള്‍ അടിയന്തരമായി തിരിച്ചുവിടാന്‍ ഡ്രൈവര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. അപകടം മനസിലാക്കിയ കുട്ടികള്‍ പരിഭ്രാന്തരായി ചിതറിയോടാന്‍ തുടങ്ങി.

കുന്നിന്‍ മുകളിലേക്ക് ഓടിരക്ഷപ്പെടാനായിരുന്നു കുട്ടികള്‍ക്കും അധ്യാപകള്‍ക്കും ലഭിച്ച നിര്‍ദേശം. ഭയന്നുവിറച്ച് ശ്വാസം മുട്ടല്‍ തോന്നിയ വിദ്യാര്‍ഥികളെ മോട്ടോര്‍ സൈക്കിളുകളിലാണ് മുകളിലേക്ക് എത്തിച്ചത്. കുന്നിന്‍ മുകളിലെ ഒരു വലിയ മരച്ചുവട്ടില്‍ അഭയം പ്രാപിച്ചതിന് തൊട്ടുപിന്നാലെ തൃശൂലി നദിയിലെ പ്രളയജലം സ്‌കൂള്‍ കെട്ടിടങ്ങളെ പൂര്‍ണമായും വിഴുങ്ങി.

1,643 കുട്ടികളെയും ഒപ്പമുണ്ടായിരുന്ന അധ്യാപകരെയും രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും അധ്യാപകനായ സന്തോഷ് പരിയാര്‍ (32), സ്‌കൂള്‍ ജീവനക്കാരനായ സുല്‍ത്താന്‍ ലാമ എന്നിവര്‍ മരണത്തിന് കീഴടങ്ങി. നദീ തീരത്തെ തന്റെ വാടകമുറിയില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ പോയ സന്തോഷും സ്‌കൂളിന്റെ വാതിലുകള്‍ പൂട്ടാന്‍ തിരികെപ്പോയ സുല്‍ത്താനും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോവുകയായിരുന്നു.

ദുരന്തം കണ്‍മുന്നില്‍ എത്തിയപ്പോഴേക്കും സമയോചിതമായി പ്രവര്‍ത്തിക്കാനുള്ള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മനസാന്നിധ്യമാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ജീവന്‍ രക്ഷിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.