വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കില്ല; മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ മന്ത്രാലയം

വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കില്ല; മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ മന്ത്രാലയം

അബുദാബി: കുട്ടികൾക്കുള്ള നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പുകളുടെ വിവരങ്ങൾ ദേശീയ ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ അൽഹുസ്ൻ ആപ്ലിക്കേഷനിൽ നൽകണമെന്ന് യുഎഇ അധികൃതർ. പരിഷ്‌കരിച്ച അൽഹുസ്ൻ ആപ്പിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കില്ലെന്ന് യുഎഇ ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽ റൻദ് പറഞ്ഞു.

യുഎഇയിലെ കുട്ടികൾക്ക് ഒരു കൂട്ടം പ്രതിരോധ കുത്തിവയ്പ്പുകൾ നിർബന്ധമാണ്. ഇവ അപ്‌ഗ്രേഡ് ചെയ്ത അൽഹുസ്ൻ ആപ്പിൽ ഉടൻ ട്രാക്ക് ചെയ്യും. സ്‌കൂൾ പ്രവേശനത്തിന് കുട്ടികൾ ഹാജരാക്കേണ്ട വാക്‌സിനേഷൻ ബുക്കിന് പകരം ആപ്പ് ആണ് ഇനി പരിഗണിക്കുകയെന്ന് ഡോ. ഹുസൈൻ അൽ റൻദിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആപ്പ് ലഭ്യമാണ്.

നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പുകൾ നമ്മുടെ കുട്ടികളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. അത് ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കുന്ന തലമുറയെ വാർത്തെടുക്കാൻ സഹായിക്കും. നവീകരിച്ച ആപ്പിൽ, ജനനം മുതൽ 18 വയസ്സ് തികയുന്നതുവരെയുള്ള കുട്ടികളുടെ സമഗ്രമായ വാക്‌സിനേഷൻ വിവരങ്ങളുണ്ടാവും. ഇത് മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യ സമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് എളുപ്പമാക്കുമെന്നും ഡോ. അൽ റൻദ് വിശദീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.