അബുദാബി: ഷാർജ സർക്കാരിന്റെ പത്താമത് കമ്മ്യൂണിക്കേഷൻ അവാർഡിൽ (എസ്ജിസിഎ) യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിക്ക് 'പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ' പുരസ്‌കാരം. ഷാർജയിലെ എക്‌സ്‌പോ സെന്ററിൽ നടന്ന ദ്വിദിന ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ആറുമാസം ചെലവഴിച്ച് ചരിത്രം സൃഷ്ടിച്ച യുഎഇ ബഹിരാകാശ സഞ്ചാരിയാണ് സുൽത്താൻ അൽ നെയാദി. നാളെയാണ് അൽനെയാദി ബഹിരാകാശവാസത്തിനു ശേഷം ആദ്യമായി സ്വന്തംരാജ്യത്ത് മടങ്ങിയെത്തുന്നത്.
ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ നെയാദി ബഹിരാകാശത്ത് കൂടി നടക്കുന്ന ആദ്യ അറബ് വംശജൻ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 186 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷമാണ് സപ്തംബർ ആദ്യത്തിൽ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ അദ്ദേഹം തിരിച്ചെത്തിയത്. ഇതിനു ശേഷം ആദ്യമായായാണ് മാതൃരാജ്യത്തേക്കുള്ള ചരിത്രം കുറിച്ചുകൊണ്ടുള്ള മടങ്ങിവരവ്.