സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു; സന്ദീപ് നായര്‍ മാപ്പ് സാക്ഷി

സ്വര്‍ണക്കടത്ത് കേസില്‍  എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു;  സന്ദീപ് നായര്‍ മാപ്പ് സാക്ഷി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സുരേഷ്, സരിത്ത്, കെ.ടി. റമീസ് എന്നിവരടക്കം 35 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. യുഎപിഎയിലെ 16,17,18 വകുപ്പുകള്‍ ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. രണ്ടാം പ്രതി സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കി.

കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. രാധാകൃഷ്ണപിള്ളയാണ് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ ആദ്യ അറസ്റ്റ് നടന്ന് ആറുമാസം തികയുന്നതിനു മുന്‍പാണ് എന്‍.ഐ.എ. ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതികളില്‍ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. 12 പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പണം നല്‍കിയവര്‍ അടക്കമുളളവരാണ് ജാമ്യം ലഭിച്ച് പുറത്തുള്ളത്. സന്ദീപ് നായര്‍ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കി മാപ്പുസാക്ഷിയായിരുന്നു. കേസില്‍ യു.എ.പി.എ. നിലനില്‍ക്കുമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ ആദ്യഘട്ട കുറ്റപത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇനിയും കേസില്‍ പിടികൂടാനുള്ള പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തി അവരെ പിടികൂടുന്ന മുറയ്ക്ക് കൂടുതല്‍ കുറ്റപത്രങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കും. അറസ്റ്റ് ചെയ്യാനുള്ള പ്രതികളില്‍ ചിലര്‍ വിദേശത്തുണ്ട്. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇനി പൂര്‍ത്തിയാക്കാനുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.