സിഡ്നി: ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ പാലസ്തീൻ അനുകൂല പ്രകടനം നടന്നു. പതാകയും മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളാമായാണ് അനുകൂലികൾ തെരുവിലിറങ്ങിയത്. സിഡ്നിയിൽ നടന്ന പ്രതിഷേധത്തിൽ ഏകദേശം 15,000 പേർ പങ്കെടുത്തതായി സംഘാടകരായ പാലസ്‌തീൻ ആക്ഷൻ ഗ്രൂപ്പ് പറഞ്ഞു.
സിഡ്നി ടൗൺ ഹാളിൽ നിന്ന് ബെൽമോർ പാർക്കിലേക്കാണു മാർച്ച് നടത്തിയത്. 800ലധികം പൊലിസുകാർ സ്ഥലത്ത് വിന്യസിച്ചിരുന്നു. പാലസ്തീനിലെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. പാശ്ചാത്യ മാധ്യമങ്ങൾ പുറത്തുവിടുന്ന വാർത്തകൾ തെറ്റാണ്. ഒക്ടോബർ ഒമ്പതിനു നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ പോലിസ് അന്യായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മാർച്ച് സമാധാനപരമായിരുന്നുവെന്ന് പാലസ്തീൻ ആക്ഷൻ ഗ്രൂപ്പ് വക്താവ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസും അറിയിച്ചു
അതേ സമയം ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഓസ്‌ട്രേലിയയുടെ ദേശീയ നയത്തിനു വിരുദ്ധമായാണ് രാജ്യത്ത് ഹമാസ് അനുകൂല പ്രകടനങ്ങൾ നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച സിഡ്‌നിയിലെ ഹൈഡ് പാർക്കിൽ ആയിരത്തിലധികം പേർ പങ്കെടുത്ത റാലി നടന്നിരുന്നു. പോലീസ് അനുമതിയില്ലാതെ നടന്ന പ്രകോപനപരമായ പ്രകടനത്തിൽ പങ്കെടുത്തവരെ തിരിച്ചറിയുന്നതിനായി പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചു.
അതിനു മുൻപ് സിഡ്‌നി ഓപ്പറ ഹൗസിൽ നടന്ന വിവാദ പ്രകടനത്തിൽ പങ്കെടുത്ത മൂന്ന് പേർ ഉൾപ്പെടെ ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തതായി ന്യൂ സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു. ഇസ്രയേൽ പതാക കത്തിച്ചതിനും യഹൂദ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതിനുമാണ് അറസ്റ്റ്. ഈ പ്രകടനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.