ടെല്‍ അവീവ്: രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. എണ്‍പത്തഞ്ചുകാരി യോഷെവ്ഡ് ലിഫ്ഷിറ്റ്‌സ്, എഴുപത്തൊമ്പത് വയസുള്ള നൂറിറ്റ് കൂപ്പര്‍ എന്നിവരെയാണ് വിട്ടയച്ചത്. ഇരുവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വിട്ടയച്ചെന്നാണ് ഹമാസിന്റെ വിശദീകരണം. ഇവരുടെ ഭര്‍ത്താക്കന്മാര്‍ നിലവില്‍ തടവിലാണ്.
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയെ തുടര്‍ന്നാണ് ബന്ദികളുടെ മോചനം സാധ്യമായത്. റാഫ ബോര്‍ഡര്‍ വഴിയാണ് ബന്ദികളെ കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും ആശുപപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച അമേരിക്കന്‍ പൗരന്മാരായ ജൂഡിത്ത് തായ് റാനനെയും മകള്‍ നതാലി ശോശാന റാനനെയും ഹമാസ് മോചിപ്പിച്ചിരുന്നു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഇരുനൂറിലധികം ബന്ദികളില്‍ ഇരട്ട പൗരത്വമുള്ള 50 പേരെ മോചിപ്പിക്കാമെന്ന് ഹമാസ് സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇവരുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികള്‍ ഉടന്‍ ഗാസയിലേക്ക് പുറപ്പെടുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണ്. മരണസംഖ്യ 5,000 ത്തിലധികം കടന്നതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.